
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കാൻ സിപിഐഎം കാര്യമായി തന്നെ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയായി സ്വതന്ത്രർ വരാനുള്ള സാധ്യതയേറെയാണ്. സിപിഐഎം സാധ്യത പട്ടികയിൽ മൂന്ന് സ്വതന്ത്രരാണ് ഇടം നേടിയിരിക്കുന്നത്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി ഉൾപ്പടെ പരിഗണനയിലുണ്ട്. നേരത്തെ ആര്യാടന് മുഹമ്മദിനെതിരെ മത്സരിച്ചിട്ടുള്ള പ്രൊഫ. തോമസ് മാത്യുവിനെയും പരിഗണിക്കുന്നു.സ്വതന്ത്ര പരീക്ഷണം ഉപേക്ഷിച്ചിട്ടില്ലെന്ന് നേരത്തെ ജില്ലാ സെക്രട്ടറി വി പി അനിൽ പറഞ്ഞിരുന്നു. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു നിലമ്പൂരിൽ പി വി അൻവർ അവസാനം രണ്ടു തവണ വിജയിച്ചതും.
അതേ സമയം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കാനാണ് അവസാന തീരുമാനമെങ്കിലുള്ള സ്ഥാനാര്‍ത്ഥി ആലോചനകളും നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും ചര്‍ച്ചകളിലുണ്ട്.