‘ഫ്രണ്ട് ഡൊണാൾഡിന് ഗ്യാനുവിനെ വേണം’: ട്രോളുകളിൽ നിറഞ്ഞ് ട്രംപിന്റെ തിരിച്ചടി

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിയും ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതും ട്രോളാക്കി ആഘോഷിക്കുകയാണ് ഇന്ത്യയിലെ സോഷ്യൽ മീഡിയ. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് നിഷ്കർഷിക്കുന്ന നിയമമാണ് സേവ് ആക്ട്. അമേരിക്കയിൽ ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണവേളയിലാണ് ഇന്ത്യയിലെ വോട്ടർ ഐ.ഡി. സംവിധാനത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ട്രംപ് പ്രശംസിച്ചത്. ഫോട്ടോ പതിച്ച വോട്ടർ ഐ.ഡി. ഇല്ലാതെ എങ്ങനെയാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അമേരിക്കൻ ഉദ്യോഗസ്ഥരോട് ചോദിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ പ്രസ്താവനയ്ക്കെതിരേ അന്നേ കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹാസവുമായി രംഗത്തെത്തിയിരുന്നു. “ബഹുമാനപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ” എന്ന് പവൻ ഖേര എക്സിൽ കുറിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ എസ്.ഐ.ആർ. പ്രക്രിയയിലൂടെ 13 കോടി ആളുകൾ വോട്ടർപട്ടികയിൽനിന്നു പുറത്തായെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ “To SIR With Love, from India” എന്ന കുറിപ്പോടെയാണ് ഖേര അന്ന് ട്രംപിന് മറുപടി നൽകിയത്.
ഇപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുകയും ട്രംപ് തോൽവി സമ്മതിക്കുകയും ചെയ്തതോടെ ഇന്ത്യൻ സോഷ്യൽ മീഡിയ വീണ്ടും ഈ വിഷയം ഏറ്റെടുത്തു. “ഫ്രണ്ട് ഡൊണാൾഡിന് ഗ്യാനുവിനെ വേണം…” (Fraand Doland needs Gyanu…) എന്നാണ് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര എക്സിൽ കുറിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഗ്യാനേഷ് കുമാറിനെപ്പോലെ ഒരാളുടെ സഹായം ട്രംപിന് ആവശ്യമായിരുന്നുവെന്ന ധ്വനിയായിരുന്നു കുറിപ്പിൽ.”ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു” എന്ന് അഭിജിത് ദിപ്കെയും പരിഹസിച്ചു.
ഇന്ത്യയിലെ ഇറാൻ എംബസിയും കടുത്ത പരിഹാസമാണ് ട്രംപിനെതിരെ എക്സിൽ പങ്കുവെച്ചത്. യു.എസ്. പ്രസിഡന്റ് ബോധരഹിതനായി വീഴുന്നതും, പിന്നീട് വൈറ്റ് ഹൗസിൽ നിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് അപകടകരമായ മാലിന്യം (hazardous waste) എന്നെഴുതിയ ഒരു ചവറ്റുകൊട്ടയിൽ തള്ളുന്നതുമാണ് വീഡിയോയിലുള്ളത്.



