
മലപ്പുറം ജില്ലക്കെതിരായ അധിക്ഷേപ പരാർമശത്തിൽ വിശദീകരണവുമായി പൊന്നാനി മുൻ എംഎൽഎ പി.നന്ദകുമാർ. മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും നന്ദകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ബിജെപിയും ലീഗുമാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും കഴിഞ്ഞ ദിവസം താൻ പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയിൽ തിരുത്തലോ ഖേദപ്രകടനമോ നടത്താതെയാണ് നന്ദകുമാറിന്റെ പ്രതികരണം.
‘ഞാൻ ഒരു മതത്തെക്കുറിച്ചോ രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. എന്റെ സംസാരത്തിൽ നിന്ന് ചെറിയൊരു ഭാഗം മാത്രം അടർത്തിയെടുത്ത് മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുകയുണ്ടായത്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നന്നായറിയുന്നയാളാണ് ഞാൻ. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രം തന്നെയായിരുന്നു മലപ്പുറം. അതിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള നീക്കം ശക്തമായി നടക്കുന്നുണ്ടെന്നാണ് ഞാൻ പറഞ്ഞത്. അത് അനുവദിക്കാനാകില്ല.’ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
‘വിഷയത്തിൽ ഇതിനോടകം സംസ്ഥാന സെക്രട്ടറിയുടേതടക്കം പ്രതികരണം വന്നുകഴിഞ്ഞതാണ്. ഞാനെന്റെ പ്രസംഗത്തിനകത്ത് ഒരു രാഷ്ട്രീയപ്പാർട്ടിയെയോ മതസംഘടനെയോ പരാർമശിച്ചിട്ടില്ല. മലപ്പുറം പോലൊരു ജില്ലയെ വർഗീയവാദികളുടെ കൂടാരമാക്കാൻ അനുവദിക്കില്ലെന്നാണ് ഞാൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ലീഗും ബിജെപിയും ഇതിന് പരമാവധി ശ്രമിച്ചു. കഴിഞ്ഞ ദിവസം പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.’
സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യങ്ങളോട്, അദ്ദേഹം തന്റെ പ്രസ്താവനയെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നായിരുന്നു നന്ദകുമാറിന്റെ മറുപടി. സംസ്ഥാന സെക്രട്ടറി പറഞ്ഞതും പിണറായി വിജയൻ പറയാൻ പോകുന്നതും താൻ പറഞ്ഞതുമായ കാര്യങ്ങളെല്ലാം ഒന്നാണെന്നും സിപിഎമ്മിനെ മതനിരപേക്ഷ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത മൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് നന്ദകുമാർ കഴിഞ്ഞ ദിവസം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വേദിയിൽ ഇരിക്കുമ്പോഴാണ് നന്ദകുമാറിന്റെ അധിക്ഷേപ പരാമർശം.



