
മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തർ. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് തുറന്നുപറയാനുള്ള എല്ലാ അർഹതയുമുണ്ടെന്നായിരുന്നു ജെബി മേത്തറുടെ പ്രതികരണം.
മഹിളാ കോൺഗ്രസ് യോഗം നടത്തണമെന്ന് മൂന്ന് മാസമായി ആവശ്യപ്പെടുന്നു. കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങളുണ്ട്. അത് പറയാനാണ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടത്. അടൂർ പ്രകാശ് സീനിയർ നേതാവാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാവില്ലെന്നും ജെബി മേത്തർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരേ തുറന്നടിച്ചത്. യുഡിഎഫിൽ കൂടിയാലോചനകളില്ലെന്നും യുഡിഎഫ് കൺവീനറെന്ന നിലയിൽ താനുമായി കൂടിയാലോചന നടത്താതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ പരാതി. യുഡിഎഫിന്റെ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. യുഡിഎഫ് ചെയർമാനെന്നനിലയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങൾ അറിയിക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രി പലകാര്യങ്ങളും അറിയിക്കുന്നില്ലെന്നും അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അടൂർ പ്രകാശിനെ എതിർത്തും പിന്തുണച്ചും പല നേതാക്കളും രംഗത്തെത്തി. അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലും മുഖ്യമന്ത്രിക്കെതിരായ പരസ്യവിമർശനവും കോൺഗ്രസിനുള്ളിൽ പുതിയ തമ്മിലടിയിലേക്ക് വഴിതുറന്നിരിക്കുകയാണ്.



