
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട് പോരാടും, തമിഴ്നാട് ജയിക്കും എന്ന് അദേഹം പറഞ്ഞു. ഈ വിജയം സമാനരീതിയിൽ പോരാടുന്ന എല്ലാ സംസ്ഥാനങ്ങളുടെയും ജയമാണെന്ന് സ്റ്റാലിൻ പറഞ്ഞു. എല്ലാവർക്കും മാതൃകയാണെന്ന് അദേഹം പറഞ്ഞു.
“ഈ വിധി തമിഴ്‌നാടിന് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും ഒരു വലിയ വിജയമാണ്” സ്റ്റാലിൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിൽ സുപ്രീംകോടതി ഗവർണർക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.