
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ശാസ്ത്രീയവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാവുന്ന കാലത്ത് വീടുകളിൽ പ്രസവം നടത്തുന്നത് അങ്ങേയറ്റത്തെ അജ്ഞതയും അറിവില്ലായ്മയുമാണ് എന്ന് ഡിവൈഎഫ്ഐ. അമ്മയുടെയും കുഞ്ഞിൻ്റെയും ജീവനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ഇത്തരം രീതികൾ തെരഞ്ഞെടുക്കുന്നത് ഏത് വിശ്വാസത്തിൻ്റെ പേരിലായാലുംനൂറു ശതമാനം അബദ്ധജടിലമാണ്.
ഇത്തരം കാര്യങ്ങൾ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പൊതുസമൂഹം ഉണരണം. മാതൃ, ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ മികച്ച മാതൃക തീർത്ത കേരളത്തിൻ്റെ നേട്ടത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിയാണിത്.
മലപ്പുറത്തെ സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അശാസ്ത്രീയമായ ചികിത്സാ മാർഗങ്ങൾ നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.