
കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു.
സർവ്വകലാശാലയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ച വിഷയത്തിൽ കേരള സർവകലാശാലയ്ക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ ആൺ പോലീസുകാർ ആക്രമിക്കുമ്പോൾ വനിതാ പൊലീസ് സ്ഥലത്തു പോലും ഉണ്ടായിരുന്നില്ല. ഇത് കടുത്ത നിയമലംഘനമാണ്.
നമ്മുടെ ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽക്കേ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ട്. എന്നാൽ കഴിഞ്ഞ 80 വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവ്വം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നത്.
ദേശീയതലത്തിൽ വിദ്യാർത്ഥ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും അടിച്ചമർത്തലുകളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് പാർടി കേരളത്തിൽ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാർത്ഥികളെ നേരിടുന്നത്. എഐസിസി ആസ്ഥാനത്ത് മുഴുവൻ വന്ദേമാതരവും പാടിയതിൽ ശ്രീമതി സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.



