KeralaNews

വെളളാപ്പളളിയുടെ പരാമര്‍ശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി

വെളളാപ്പളളി നടേശന്റെ മലപ്പുറത്തേക്കുറിച്ചുളള വിദ്വേഷ പ്രസംഗത്തില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. ഇത് കേരളമാണെന്നും വെളളാപ്പളളിയുടെ പരാമര്‍ശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെയില്ലെന്നും പൊതുസമൂഹം തളളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവര്‍ ഇനിയും ആ സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന് ആലോചിക്കട്ടെ. ഈ വൃത്തികെട്ട പ്രസ്താവനയ്ക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും ലഭിക്കില്ല. ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ പറയുന്നവര്‍ക്ക് വയനാട്ടില്‍ നോട്ടയ്ക്ക് കിട്ടിയ വോട്ടുപോലും കിട്ടില്ല. അവരുടെ പ്രസ്താവനയ്ക്ക് ഒരു വിലയുമില്ല. ആ പ്രസ്താവന പൊതുസമൂഹം തന്നെ തളളിക്കളഞ്ഞതാണ്. ഇനി അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല’- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ ഒരു വിഭാഗത്തിന്റെ സ്വത്തില്‍ കണ്ണുവെച്ചവര്‍ നാളെ ഏത് വിഭാഗത്തിന്റെ പേരിലും വരുമെന്നും സഭയുടെ സ്വത്ത് സംബന്ധിച്ച് അവരുടെ ഉളളിലിരിപ്പ് അവര്‍ പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും അതിനുവേണ്ട പിന്തുണ നല്‍കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘മുസ്ലീം-ക്രിസ്ത്യന്‍ എന്നതരത്തില്‍ ഒരു പ്രശ്‌നവും വരില്ല. പ്രശ്‌നത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. കേരളാ സര്‍ക്കാരിന് തന്നെ പരിഹരിക്കാവുന്ന വിഷയമേയുളളു’- അദ്ദേഹം വ്യക്തമാക്കി. വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ അവകാശ വിഷയമാണെന്നും ഇന്ത്യാ മുന്നണിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബില്ലിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുക എന്നതാണ് ഇനി ചെയ്യാനുളളത്. രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ വെച്ച് ചോദ്യം ചെയ്യും. കബില്‍ സിബലുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിട്ടുണ്ട്. നാളെ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഈ സാഹചര്യമുണ്ടായേക്കാം.’- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button