
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി.
വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, കത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ പശ്ചാത്തലത്തിൽ, അയ്യപ്പഭക്തരുടെ വേദനയും ആശങ്കയും ഉൾക്കൊണ്ട് നീതിയുക്തവും സുതാര്യവുമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി.
2018 മുതൽ ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ ഭക്തസമൂഹത്തിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്. ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും ഭക്തരെ വേട്ടയാടുന്ന കേസുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നുമാണ് പാർട്ടി നിലപാട്. മുഖ്യമന്ത്രി ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും ബിജെപിയുടെ വരാനിരിക്കുന്ന സമരപരിപാടികളുടെ സ്വഭാവം.



