
യുഡിഎഫ് സർക്കാരിന്റെ ബജറ്റിനെതിരെ മുന്നണിയിലും തർക്കം രൂക്ഷം. ബജറ്റിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്തെത്തി. കിഫ്ബിയെ തകർക്കരുതെന്നും സ്വകാര്യ മേഖലയിൽ കരിമണൽ ഖനനം അനുവദിച്ചാൽ അത് കടുത്ത അഴിമതിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യവൽക്കരണത്തിനാണ് മുൻതൂക്കം നൽകിയിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കിഫ്ബി വഴിയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബി നിർത്തലാക്കുന്നത് ബുദ്ധിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.
കരിമണൽ ഖനനത്തിലേക്ക് സ്വകാര്യ മേഖല കടന്നുവന്നാൽ അത് കടുത്ത അഴിമതിക്ക് വഴിവെക്കുമെന്ന് ജി. സുധാകരൻ പ്രതികരിച്ചു. ഇത് സർക്കാരിന് ദോഷം ചെയ്യുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജില്ലയിൽ തന്നെ 15 കിലോമീറ്റർ ചുറ്റളവിൽ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകൾ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഹരിപ്പാട് എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പുതിയ കോളേജ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.



