KeralaNews

ആരോഗ്യ ബജറ്റിൽ 200 കോടി വെട്ടിക്കുറവ്; വിമർശനവുമായി വീണ ജോർജ്

യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ കടുത്ത ആശങ്കയും വിമർശനവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ബജറ്റാണിതെന്നും, എൽ.ഡി.എഫ് സർക്കാർ വകയിരുത്തിയ തുകയേക്കാൾ 200 കോടി രൂപയാണ് പുതിയ ബജറ്റിൽ കുറച്ചിരിക്കുന്നതെന്നും വീണ ജോർജ് കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പദ്ധതി അട്ടിമറിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുമെന്നത് യു.ഡി.എഫിന്റെ പ്രധാന ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു.

എന്നാൽ ഈ വമ്പൻ പദ്ധതിക്കായി ബജറ്റിൽ ആകെ നീക്കിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ സൗജന്യ ചികിത്സയ്ക്കായി 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ യു.ഡി.എഫ് ബജറ്റിൽ ഇത് 700 കോടിയായി കുറച്ചു. നിലവിലുണ്ടായിരുന്ന തുകയേക്കാൾ 200 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.’

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എൽ.ഡി.എഫ് സർക്കാർ 8,700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനത്ത് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 42.5 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു.ആൻജിയോപ്ലാസ്റ്റി, സങ്കീർണ്ണമായ ശസ്ത്രക്രിയകൾ, ക്യാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചെലവേറിയ സേവനങ്ങൾക്കാണ് സാധാരണക്കാർ കാസ്പ് കാർഡുകളെ ആശ്രയിക്കുന്നത്. 25 ലക്ഷം രൂപയുടെ ചികിത്സ നൽകണമെങ്കിൽ ബജറ്റ് വിഹിതം പലമടങ്ങ് വർദ്ധിപ്പിക്കേണ്ട സ്ഥാനത്താണ് ഉള്ള തുക കൂടി വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button