
ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസ്ഥാനത്തെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്. ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തത് സർവകലാശാലകളുടെ മതനിരപേക്ഷ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിപ്പറയുന്ന ആശയധാരയുമായി ബന്ധപ്പെട്ട വേദിയിൽ സർവകലാശാല മേധാവികൾ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇത്തരത്തിൽ ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം വിമർശിച്ചു.
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ വൈസ് ചാൻസലർമാർ സാന്നിധ്യമറിയിച്ചതിനെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, സർവകലാശാലകളെ നയിക്കുന്നവർ മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഭരണഘടനയോടുള്ള കൂറുമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും പറഞ്ഞു.
ആർ.എസ്.എസ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം കേരളം അംഗീകരിക്കില്ലെന്നും, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. വൈസ് ചാൻസലർമാരുടെ ചടങ്ങിലെ പങ്കാളിത്തം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



