
സാധാരണക്കാർക്ക് ഇരുട്ടടിയായി മോദി സർക്കാർ ഇന്ധനവില കൂട്ടുന്നതിൽ രൂക്ഷ വിമർശനവുമായി എം എൽ എ പി എ മുഹമ്മദ് റിയാസ്. ജനങ്ങളുടെ കഴുത്തിൽ വീണ്ടും ഇന്ധനക്കത്തി വച്ചിരിക്കുകയാണെന്നും ജനങ്ങളുടെ പോക്കറ്റ് കത്തിച്ച് കോർപ്പറേറ്റുകളുടെ പെട്ടി നിറയ്ക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെറും പത്തു ദിവസത്തിനുള്ളിലെ നാലാമത്തെ ഇന്ധനവില വർധനയാണിതെന്ന് പറഞ്ഞ റിയാസ് ഇത് ഭരണമല്ല മറിച്ച് സംഘടിത കൊള്ളയാണെന്നും കുറിച്ചു. ഇന്ന് മാത്രം പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കേന്ദ്രം വർധിപ്പിച്ചത്. 8 രൂപയോളമാണ് ഇതുവരെ വില വർധിപ്പിച്ചത്. ഇന്ധനവില കുത്തനെ വർധിപ്പിക്കുന്ന മോദി സർക്കാരിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധം അലയടിക്കുകയാണ്.
15 രൂപയെങ്കിലും വർധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിക്കൊണ്ട് ഇന്ധനവില വർധനവ് മോദി സർക്കാർ നടപ്പിലാക്കുന്നത്. പാചകവാതകത്തിന് കുത്തനെ വില കൂട്ടുന്നതിന് പിന്നാലെയാണ് ഇന്ധന വിലയും വർധിപ്പിച്ചത്. വരും ദിവസങ്ങളിൽ ഈ വർധനവ് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. അവശ്യ വസ്തുക്കൾ ഉൾപ്പെടെ വലിയ വിലക്കയറ്റം ഉണ്ടാകും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനങ്ങളുടെ കഴുത്തിൽ വീണ്ടും ഇന്ധനക്കത്തി!
ജനങ്ങളുടെ പോക്കറ്റ് കത്തിച്ച് കോർപ്പറേറ്റുകളുടെ പെട്ടി നിറയ്ക്കുന്ന കേന്ദ്ര സർക്കാർ!
പത്തു ദിവസത്തിൽ നാലാം ഇന്ധനവില വർധന.
ഇത് ഭരണമല്ല,
സംഘടിത കൊള്ളയാണ്…



