
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആശമാർക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കാനാണ് നീക്കം. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കും. കോണ്‍ഗ്രസ് നിര്‍ദ്ദേശം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുഡിഎഫ് നീക്കം.
‘കേന്ദ്രത്തിലോ സംസ്ഥാനത്തോ യുഡിഎഫ് അധികാരത്തില്‍ ഇല്ല. തദ്ദേശ സ്ഥാപനങ്ങളിലാണ് അധികാരത്തിലുള്ളത്. എറണാകുളം ജില്ലയില്‍ നിന്നാണ് ആദ്യമായി പ്രൊപ്പോസല്‍സ് വന്നത്. 2000 രൂപ ആശമാര്‍ക്ക് നല്‍കാമെന്നായിരുന്നു പ്രൊപ്പോസല്‍. അത് യുഡിഎഫ് അംഗീകരിക്കുകയായിരുന്നു’, സി പി ജോണ്‍ റിപ്പോർട്ടറിനോട് പറഞ്ഞു.
നേരത്തെ യുഡിഎഫ് ഭരിക്കുന്ന കൊല്ലം ജില്ലയിലെ തൊടിയൂരും തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരും ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിരുന്നു. തൊടിയൂരില്‍ ഗ്രാമപഞ്ചായത്ത് ബജറ്റിലാണ് 1000 രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 46 ആശവര്‍ക്കര്‍മാരാണ് പഞ്ചായത്തിലുള്ളത്. പഴയന്നൂര്‍ പഞ്ചായത്തില്‍ ആശമാര്‍ക്ക് 2000 രൂപ ഇന്‍സെന്റീവായി നല്‍കാനാണ് തീരുമാനം. ഇതിനായി എട്ടുലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.