സോഷ്യൽ മീഡിയ അക്കൗണ്ടും, ഇമെയിലും എല്ലാം പരിശോധിക്കാം; ഇൻകം ടാക്സ് ബില്ലിലെ വെർച്വൽ ഡിജിറ്റൽ സ്കേപ് അറിയാം

ഏറ്റവും പുതിയ ഇൻകംടാക്സ് ബില്ലിൽ സമൂഹമാധ്യമങ്ങളുൾപ്പെടെയുള്ള ഡിജിറ്റൽ ലോകത്തേക്കു കടക്കാനായി അധികാരികൾക്ക് അനിയന്ത്രിതമായ അധികാരമാണ് നൽകുന്നതെന്ന് റിപ്പോർട്ട്. ആദായനികുതി ബില്ലിലെ 247ാം വകുപ്പാണ് ഡിജിറ്റൽ ലോകത്തെയും നിരീക്ഷണ പരിധിയിൽപ്പെടുത്തിയിരിക്കുന്നത്.
ഒരു വ്യക്തിക്ക് വെളിപ്പെടുത്താനാകാത്ത വരുമാനമോ ഐടി നിയമത്തിന്റെ പരിധിയിൽ വരുന്ന സ്വത്തോ ഉണ്ടെന്ന് അധികാരികൾക്ക് തോന്നിയാൽ വാതിൽ, ലോക്കർ, അലമാര എന്നിവ മാത്രമല്ല, കംപ്യൂട്ടർ സിസ്റ്റത്തിലേക്കും വെർച്വൽ ഡിജിറ്റൽ സ്പെയ്സിലേക്കോ ഉള്ള ആക്സസ് കോഡ് അസാധുവാക്കിക്കൊണ്ട് പ്രവേശിക്കാൻ അധികാരം നൽകുന്നു.
ഫെബ്രുവരി 13 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഈ ബിൽ, സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വാറണ്ടോ മുൻകൂർ അറിയിപ്പോ ഇല്ലാതെ ഇമെയിലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ,എന്നിവയിലേക്ക് ആക്സസ് ചെയ്യാൻ നികുതി അധികാരികളെ അനുവദിക്കുന്നു. പ്രതിപക്ഷമുൾപ്പെടെ ആശങ്ക ഉയർത്തിയ ഈ ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.
ആദായനികുതി ബില്ലിൽ എടുത്തുകാണിച്ചിരിക്കുന്ന വെർച്വൽ ഡിജിറ്റൽ സ്പെയ്സെന്നതിന്റെ നിർവചനം വളരെ വിപുലമാണ്, ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിങ്, നിക്ഷേപ അക്കൗണ്ടുകൾ, ഇമെയിലുകൾ എന്നിവ വെർച്വൽ ഡിജിറ്റൽ സ്പെയ്സിന്റെ നിർവചനത്തിൽ വരുമത്രെ.
ജുഡീഷ്യൽ മേൽനോട്ടത്തിന്റെയോ സുരക്ഷാ മുൻകരുതലുകളുടെയോ അഭാവത്തിൽ, ഈ നീക്കം നികുതി നിർവ്വഹണ സംവിധാനത്തേക്കാൾ ചിലപ്പോൾ ഏകപക്ഷീയമായി വ്യക്തികളുടെ മേൽ സൂക്ഷ്മപരിശോധനയ്ക്കുള്ള ഒരു ഉപകരണമായി മാറാൻ സാധ്യതയുണ്ടെന്നാണ് ചില നിയമവിദഗ്ദരുടെ വാദം.