Sports

ചാമ്പ്യന്‍മാരുടെ ചാമ്പ്യനാര്‌

ദുബായ്‌: രണ്ടുവർഷംമുമ്പ്‌ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കൈവിട്ട ഇന്ത്യ ഇക്കുറി മിനി ലോകകപ്പ്‌ നേടി ആശ്വസിക്കാനുള്ള ഒരുക്കത്തിലാണ്‌. എട്ടു ടീമുകൾ അണിനിരന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഒമ്പതാംപതിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡാണ്‌ എതിരാളി. ദുബായ്‌ ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ പകൽ 2.30ന്‌ കളി തുടങ്ങും. 25 വർഷംമുമ്പ്‌ ഫൈനലിൽ കിവീസിനോട്‌ തോറ്റതിന്റെ കടം വീട്ടാനുണ്ട്‌. 2023 ഏകദിന ലോകകപ്പിലാകട്ടെ ഓസ്‌ട്രേലിയയോട്‌ തോറ്റു. ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലൻഡിനെ മറികടക്കൽ ഇന്ത്യക്ക്‌ എളുപ്പമല്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ലോകകപ്പ്‌ സെമിയിലും ഇത്തവണ ചാമ്പ്യൻസ്‌ ട്രോഫി ഗ്രൂപ്പ്‌ മത്സരത്തിലും ഇന്ത്യ അനായാസജയം നേടി. ഇക്കുറി ഒറ്റ കളിയും തോൽക്കാതെയാണ്‌ വരവ്‌. ബാറ്റിങ്ങിലെ ആഴവും സ്‌പിൻ ബൗളിങ്ങുമാണ്‌ കരുത്ത്‌. വിരാട്‌ കോഹ്‌ലിയാണ്‌ റണ്ണടിയിൽ മുന്നിൽ. നാലു കളിയിൽ 217 റൺ. ശ്രേയസ്‌ അയ്യർ 195 റണ്ണെടുത്തിട്ടുണ്ട്‌. ശുഭ്‌മാൻ ഗില്ലും (157) ഫോമിലാണ്‌. നാല്‌ സ്‌പിന്നർമാരുമായി കളിക്കാനാണ്‌ സാധ്യത. വരുൺ ചക്രവർത്തി, കുൽദീപ്‌ യാദവ്‌, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരാണ്‌ സ്‌പിന്നർമാർ. മുഹമ്മദ്‌ ഷമിയാണ്‌ പേസ്‌ ആക്രമണത്തിന്റെ കുന്തമുന.

സഹായത്തിന്‌ ഹാർദിക്‌ പാണ്ഡ്യയുണ്ട്‌. കുൽദീപിനുപകരം പേസർ ഹർഷിത്‌ റാണയെ പരീക്ഷിക്കുമോയെന്ന്‌ കണ്ടറിയണം. ഓൾറൗണ്ട്‌ മികവാണ്‌ കിവീസിന്റേത്‌. ബാറ്റിങ്ങിൽ രചിൻ രവീന്ദ്ര, കെയ്‌ൻ വില്യംസൺ, ടോം ലാതം, വിൽ യങ്, ഗ്ലെൻ ഫിലിപ്‌സ്‌ എന്നിവരുണ്ട്‌. രചിൻ മൂന്നു കളിയിൽ 226 റണ്ണടിച്ചു. പ്രായത്തെ വെല്ലുന്ന ബാറ്റിങ് മികവാണ്‌ വില്യംസണിന്റേത്‌. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രചിനും വില്യംസണും സെഞ്ചുറി നേടിയിരുന്നു. ബൗളർമാരിൽ പേസർ മാറ്റ്‌ ഹെൻറിയാണ്‌ വജ്രായുധം. നാലു കളിയിൽ പത്ത്‌ വിക്കറ്റുണ്ട്‌. സെമിയിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റ ഹെൻറി കളിക്കുമോയെന്നാണ്‌ ആശങ്ക. ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നെറും മൈക്കൽ ബ്രേസ്‌വെലുമാണ്‌ ടീമിലെ സ്‌പിന്നർമാർ.

ഫീൽഡിങ്ങിലെ മികവാണ്‌ കിവീസിനെ വ്യത്യസ്‌തരാക്കുന്നത്‌. അർധാവസരങ്ങൾ മുതലാക്കുന്നതിൽ മിടുക്കരാണ്‌ ഫീൽഡർമാർ. നാലു കളിയിൽ പന്ത്‌ പിടിക്കാനുള്ള കഴിവ്‌ 91.1 ശതമാനമാണെന്നാണ്‌ വിലയിരുത്തൽ. 31 തവണ ക്യാച്ചെടുത്തപ്പോൾ മൂന്നെണ്ണംമാത്രമാണ്‌ വിട്ടത്‌. ഇന്ത്യയാകട്ടെ 21 ക്യാച്ചെടുത്തപ്പോൾ ഏഴെണ്ണം നഷ്‌ടപ്പെടുത്തി. പന്ത്‌ പിടിക്കുന്നതിൽ 75 ശതമാനം മികവേയുള്ളൂ. ഇരുടീമുകളും 119 തവണ മുഖാമുഖം കണ്ടപ്പോൾ ഇന്ത്യ 61 കളി ജയിച്ചു. കിവീസ്‌ 50. അവസാന പത്തു കളിയിൽ 6–-4ന്‌ ഇന്ത്യക്കാണ്‌ മുൻതൂക്കം. 10 ലോകകപ്പ്‌ മത്സരങ്ങളിൽ 5–-5 ആണ്‌. രണ്ടുതവണ ചാമ്പ്യൻസ്‌ ട്രോഫിയിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ കളി ജയിച്ചു. സാധ്യതാ ടീം: ഇന്ത്യ–- രോഹിത്‌ ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, കെ എൽ രാഹുൽ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌, അക്‌സർ പട്ടേൽ, മുഹമ്മദ്‌ ഷമി, വരുൺ ചക്രവർത്തി. ന്യൂസിലൻഡ്‌–- മിച്ചൽ സാന്റ്‌നെർ (ക്യാപ്‌റ്റൻ), കെയ്‌ൻ വില്യംസൺ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്‌, മൈക്കൽ ബ്രേസ്‌വെൽ, മാറ്റ്‌ ഹെൻറി, കൈൽ ജാമിസൺ, വില്യം ഒറൂർക്കെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button