NationalNews

വിജയിയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 39 പേർ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 പേര്‍ കുട്ടികളുമാണ്. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഒന്നരവയസുകാരനും അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റ 111 പേര്‍ ചികിത്സയിലാണ്.പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു.സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. 15 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം പൂർത്തിയാക്കി.12 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കരൂരിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്ന് സ്റ്റാലിൻ പ്രതികരിച്ചു. അതേസമയം,പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. ആളുകൾക്ക് അനങ്ങാൻ പോലും പറ്റാത്ത രീതിയിൽ വൻ ജനക്കൂട്ടമാണ് റാലിക്ക് എത്തിയത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ വിജയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു.’ വിജയ്‌ എക്‌സിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button