
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍. നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണ നിയമസഭ സമ്മേളിക്കുന്നത്.
ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ഘടന ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ ഇത്തവണത്തെ സഭാ സമ്മേളനത്തില്‍ പരിഗണിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബറില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ചാകും സമ്മേളനം ക്രമപ്പെടുത്തുക.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഭയിലെ സാന്നിധ്യം ആയിരിക്കും ഇത്തവണ പ്രധാന വിഷയങ്ങളില്‍ ഒന്ന്. പാര്‍ട്ടിയില്‍ നിന്നും ഇതിനോടകം സസ്‌പെന്‍ഷന്‍ കിട്ടിയ രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കാനായി കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കോണ്‍ഗ്രസ് കത്ത് കൊടുക്കുന്നതോടെ അദ്ദേഹം ‘സ്വതന്ത്ര’ അംഗമായി മാറും. ഇതോടെ സഭ ചേരുന്ന അവസരങ്ങളില്‍ ഒരു മിനിറ്റില്‍ കൂടുതല്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കില്ല. സീറ്റും മാറിയേക്കാം. നടപടിയുടെ ഭാഗമായി നിയമസഭാ സമിതികളില്‍നിന്നും രാഹുലിനെ നീക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.