
ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു.
എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.