പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം’; ബോഡി ഷെയ്മിങ്ങില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്
മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെ ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണത്തില്‍ പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ആശിര്‍വാദത്തോടെ നിയമസഭയില്‍ എന്തെല്ലാമാണ് വിളിച്ചു പറഞ്ഞിട്ടുള്ളത് എന്നും മന്ത്രി രാജേഷ് ചോദിച്ചു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ആ ബാനര്‍ റിമൂവ് ചെയ്യൂ, ആ ബാനര്‍ പിടിച്ചു വാങ്ങിക്ക്… എന്ന് സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനോട് ആവശ്യപ്പെട്ടു. ചെയറിന്റെ മുമ്പിലാണ് ഇതൊക്കെയെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ അവിടെ പിടിച്ചോ, പക്ഷെ ഇവിടെ പിടിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ ഷംസീര്‍ പ്രതിഷേധക്കാരോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മൗനാനുവാദത്തോടെ, പ്രതിപക്ഷ നേതാവിന്റെ പ്രേരണയിലാണ് ഈ അക്രമങ്ങള്‍ സഭയില്‍ നടക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. ഒരു വനിതയെ പ്രതിപക്ഷം ആക്രമിച്ചിരിക്കുകയാണ്. അങ്ങയുടെ കണ്‍മുന്നിലാണ് ഇതു നടക്കുന്നതെന്ന് രാജേഷ് സ്പീക്കറോട് പറഞ്ഞു. എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇതു സഭയും ലോകവും മുഴുവന്‍ കാണുകയല്ലേ. എന്നിട്ട് ഇവിടെ വന്ന് പ്രതിപക്ഷ നേതാവ് ഗീര്‍വാണ പ്രസംഗം നടത്തുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ ലജ്ജ തോന്നുന്നില്ലേ ഇവര്‍ക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുകയാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോഴാണ് പ്രതിപക്ഷ അംഗത്തിനെതിരായ മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം സീറോ അവറില്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു.