കെജെ ഷൈനിനെതിരായ സൈബര്‍ അധിക്ഷേപം; ഗോപാലകൃഷ്ണനും ഷാജഹാനും ഇന്ന് ഹാജരാകാന്‍ നോട്ടീസ്
സിപിഎം നേതാവ് കെജെ ഷൈനിനെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സികെ ഗോപാലകൃഷ്ണനും കെഎം ഷാജഹാനും നോട്ടീസ്. ഇന്ന് ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേസമയം ഷൈനിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. സൈബര്‍ ഡോമില്‍ നിന്നുള്ള വിവരങ്ങള്‍ കിട്ടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ജിന്റോ ജോണ്‍, ബിആര്‍എം ഷെഫീര്‍ എന്നിവരെ പ്രതി ചേര്‍ക്കുന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകും.
ഇന്നലെ അന്വേഷണ സംഘം ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടില്‍ പരിശോധന നടത്തി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു . ഷൈനിന്റെയും കെഎന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നാല് എംഎല്‍എമാരുടെയും പരാതിയെത്തുടര്‍ന്ന് ഗോപാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. കേസില്‍ രണ്ടാം പ്രതിയായ കെഎം ഷാജഹാനും ഒളിവിലാണ്.
അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാള്‍ സ്വദേശി യാസര്‍ എന്നയാളുടെ പേരിലും പ്രത്യേക അന്വേഷണസംഘം കേസെടുത്തു. ‘ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ തുടര്‍ച്ചയായി അധിക്ഷേപം നടത്തിയെന്നാണ് ഇയാളുടെപേരിലുള്ള പരാതി. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്.അതിനിടെ, കുടുംബത്തിനുനേരേ സിപിഎം നേതൃത്വത്തില്‍ സൈബര്‍ ആക്രമണവും വീടിനുമുന്നില്‍ രാത്രി മാര്‍ച്ച് നടത്തിയെന്നും കാണിച്ച് ഗോപാലകൃഷ്ണന്റെ ഭാര്യ ഷേര്‍ളി റൂറല്‍ പൊലീസിനു പരാതി നല്‍കി.