
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടുണ്ടെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും എതിരായ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ തുടരുകയാണ്. വോട്ട് ചോര്‍ മുദ്രാവാക്യം മുഴക്കിയാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര. ഭരണഘടനയും അംബേദ്കര്‍ ചിത്രവും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ ആരോപണങ്ങള്‍. ബിഹാറിലെ അരാരിയയില്‍ ബുള്ളറ്റ് ഒട്ടിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും വോട്ട് കൊള്ളക്കെതിരായ പ്രചരണം.
ഈ മാസം 17ന് സസ്‌റാമില്‍ നിന്ന് ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാറിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള പര്യടനം തുടരുകയാണ്. സെപ്റ്റംബര്‍ ഒന്നിന് പാട്‌നയില്‍ നടക്കുന്ന മഹാറാലിയോടെ യാത്രാവസാനിക്കും.