വോട്ടു മോഷണത്തിൽ പ്രത്യേക അന്വേഷണമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടു മോഷണ ( വോട്ടു ചോരി) ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജിക്കാരന് വേണമെങ്കില്‍ പരിഹാരം തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമത്വവും ക്രമക്കേടും നടന്നിരുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വിശദമായ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ രോഹിത് പാണ്ഡെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് മറ്റു മാര്‍ഗങ്ങള്‍ തേടാമെന്നും, പൊതുതാല്‍പ്പര്യ ഹര്‍ജി അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
വോട്ടു ചോരി ആക്ഷേപത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നും, എന്നാല്‍ അവര്‍ അതു പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. എങ്കില്‍ പരാതിയില്‍ തീരുമാനമെടുക്കാന്‍ കാലപരിധി നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സുപ്രീംകോടതി വിസമ്മതിച്ചു.